പാപ്പിനിശ്ശേരി കണ്ണൂർ-കാസർകോട് ജില്ലകളിലെ നദികളെ കോർത്തിണക്കിയുള്ള മലബാർ റിവർ ക്രൂസിന്റെ ഭാഗമായി പാപ്പിനിശ്ശേരി വെസ്റ്റിൽ പുതിയ ബോട്ട് ജെട്ടി നിർമാണം തുടങ്ങി.
നിലവിൽ പാപ്പിനിശ്ശേരി വെസ്റ്റിലുണ്ടായിരുന്ന ബോട്ട് ജെട്ടി ജീർണാവസ്ഥയിലും പലഭാഗവും തകർന്ന നിലയിലുമാണ്. അതിന് സമീപംതന്നെയാണ് പുതിയ ബോട്ട് ജെട്ടിയും നിർമ്മിക്കുന്നത്.
വളപട്ടണം പുഴയടക്കമുള്ള നദീജല വിനോദസഞ്ചാരമേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ 325 കോടിയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പത്തോളം ബോട്ട് ടെർമിനലുകൾ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായിക്കഴിഞ്ഞു.
പറശ്ശിനിക്കടവ്, പഴയങ്ങാടി തുടങ്ങിയ കേന്ദ്രങ്ങളിൽ ബോട്ട് ടെർമിനലുകൾ ഉപയോഗപ്പെടുത്തി നദീജല വിനോദസഞ്ചാരമേഖലയും ഇതിനകം ഉണർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വളപട്ടണം പുഴയോട് ചേർന്ന മറ്റു ജെട്ടികളുടെ നിർമാണത്തിന് വേഗം കൂട്ടിയത്. പാറക്കൽ, വളപട്ടണം തുടങ്ങിയ കേന്ദ്രങ്ങളിലും ചെറുതും വലുതുമായ ബോട്ട് ജെട്ടികളുടെ നിർമാണവും ഉടൻ തുടങ്ങും.
പാപ്പിനിശ്ശേരി വെസ്റ്റിലെ ജീർണാവസ്ഥയിലായ ബോട്ട് ജെട്ടിയിൽ മണലടിഞ്ഞതിനെ തുടർന്ന് ബോട്ടുകൾക്ക് ചില സമയങ്ങളിൽ അടുക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. പുതിയ ബോട്ട് ജെട്ടിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ജെട്ടിക്ക് ആഴം കൂട്ടി എല്ലാതരം ബോട്ടുകൾക്കും അടുക്കാനുള്ള സാഹചര്യവും ഒരുക്കുമെന്നാണ് പ്രതീക്ഷ.
നവീനരീതിയിൽ പുതിയ ജെട്ടി നിർമിക്കുന്നതോടെ വളപട്ടണം പുഴയോട് ചേർന്ന പ്രധാന കേന്ദ്രങ്ങൾകൂടി പ്രാദേശിക വിനോദസഞ്ചാരമേഖലയുടെ ഭാഗമാകും.
0 Comments